തിരുവനന്തപുരം: അപകടത്തിൽ പെടുന്ന പോലീസുകാർക്ക് സഹായം ലഭ്യമാക്കുന്നതിനായി ഡിജിപിയുടെ നേതൃത്വത്തിൽ ഒരു സഹായനിധി രൂപവത്കരിക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരള പോലീസിനെ ആധുനികവത്കരിച്ച് ജനകീയ പോലീസാക്കി മാറ്റുക എന്നതാണ് സർക്കാർ നയം. വിദേശ രാജ്യങ്ങളിൽ നടക്കുന്നതു പോലെ ശാസ്ത്രീയമായ പോലീസിംഗ് ഏർപ്പെടുത്തും.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. ഇതു കണക്കിലെടുത്ത് തട്ടിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കാനുള്ള ഒരു സംവിധാനത്തെ കുറിച്ച് ഗൗരവമായി ആലോചിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് നടപടി സ്വീകരിക്കും.
പോലീസുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംസ്ഥാനത്ത് പോലീസ് ഓഡിറ്റ് നടപ്പിലാക്കും. എല്ലാ ജില്ലകളിലും എസ്പിമാരുടെ നേതൃത്വത്തിൽ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തും.
കേസുകളിൽ പെട്ട് പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കാൻ കേരള പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷൻ വഴി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ മാറ്റുന്നതിലൂടെ 100 കോടി രൂപയുടെ വരുമാനം സർക്കാരിനുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.